Thursday, May 29, 2008

ഭൂതാവിഷ്ടര്‍ (short story)

നരച്ച ഭിത്തിയില്‍ ടൂബിന്റെ വെളിച്ചം പടര്‍ന്ന് ഒലിച്ചുകൊണ്ടിരുന്നു. പഴകിയ സീലിങ്ങ് ഫാനിന്റെ കറുകറ ശബ്ദം മാത്രം. ദൂരെയെവിടെയോ രാത്രി വണ്ടിയുടെ ഇരമ്പല്‍ നിശബ്ദതയ്ക്ക് നേരിയ കീറല്‍ വരുത്തിക്കൊണ്ടിരുന്നു.
മുപ്പത്തിയാറ്..അതെ ശരിക്കും ഞാനെണ്ണി.. മുപ്പത്തിയാറ്..സജി വിളിച്ചു പറഞ്ഞു.
വട്ടത്തിലിരുന്ന മറ്റ് മൂന്നുപേരും കൈവിട്ട കാലങ്ങളിലെവിടെയോ തറച്ച കണ്ണുകള്‍ ശ്രമപ്പെട്ട് ടൂബിന്റെ വെളിച്ചത്തിലെത്തിച്ചു.
ങ്ഹേ...എന്താ..? ജോസഫ് കണ്ണുമിഴിച്ചു.
ഒന്നും മനസിലാകാതെ, മനസിലായതിലൊക്കെ ചുറ്റിത്തിരിഞ്ഞ് വിഷണ്ണനായ മാത്യു പരിഹാസപൂര്‍വ്വം ചിരിച്ചു. പിന്നെ നാല്പത്തിയെട്ട് വര്‍ഷങ്ങളില്‍ മനസിലാക്കിയ ദിനരാത്രങ്ങളിലേക്ക് തിരിച്ചു പോയി. കണ്ണുകള്‍ നിര്‍ജീവങ്ങളായി തുറന്നുതന്നെ ഇരുന്നു.
ഇല്ല..നാലുവട്ടം ഇമവെട്ടാതെ ഞാനെണ്ണിയതാ. മുപ്പത്തിനാലു മാത്രമേയുള്ളൂ. വാസവന്‍ പതിവുതര്‍ക്കത്തിന്‍ കടിഞ്ഞാണയച്ചു.
കുട്ടി മൂന്ന്, പള്ളചാടിയത് രണ്ട്, പിന്നെ മുപ്പത്തിയൊന്നും..എല്ലാം കൂടി മുപ്പത്തിയാറ്. സജിയുടെ തീര്‍പ്പിന്‍ വെള്ളമൊഴിക്കാന്‍ ആരും മിനക്കെട്ടില്ല. കാരണം അവര്‍ പരസ്പരം സംസാരിക്കുകയല്ല. ശബ്ദമുണ്ടാക്കുക മാത്രമാണ്.
ഇവിടെ ചോദ്യവും ഉത്തരവുമില്ല. ഉണ്ടെങ്കില്‍ത്തന്നെ ആര്‍ക്കും താല്പര്യവുമില്ല. നിരവധി ചോദ്യങ്ങള്‍ ജീവിതത്തില്‍ ഉയര്‍ന്നപ്പോള്‍ ലഹരിയില്‍ പതിയിരുന്ന ഇവര്‍ നാലു പേരും എങ്ങനെയോ വട്ടത്തിലിരിക്കാന്‍ വിധിക്കപ്പെട്ടു.ഇപ്പോള്‍ ഇവര്‍ക്ക് ഓര്‍മ്മകളില്‍ ഭൂതകാലവും വര്‍ത്തമാനത്തില്‍ അസ്തിത്വം ഉറപ്പിക്കാന്‍ വ്യായാമശബ്ദ വ്യയങ്ങളും മാത്രം.
സജിയുടെ മനസ്സില്‍ മധുരക്കള്ളും ആമക്കറിയും തെളിഞ്ഞും മങ്ങിയും മണമുതിര്‍ത്തു. പല പല പരീക്ഷണങ്ങള്‍. എന്തിന് പുട്ടുകുടത്തില്‍ കോടയൊഴിച്ച് കുറ്റിയില്‍ പുട്ടുപൊടിയും തേങ്ങയും വിതറി പുഴുങ്ങിയെടുത്ത ചാരായപ്പുട്ടിന്റെ ഗന്ധം തൊണ്ടക്കുഴിയില്‍ വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. കരഞ്ഞു കലങ്ങിയ ചുവപ്പു രാശി പടര്‍ന്ന രാധികയുടെ കണ്ണുകള്‍ മനസ്സില്‍ എത്തിനോക്കാന്‍ വൃധാ ശ്രമിക്കുമ്പോള്‍ വേര്‍തിരിച്ചെടുക്കാനാവാത്ത ചില ശകാര വാക്കുകള്‍ ചെവിയില്‍ മുഴങ്ങുന്നു. ആ മുഖം മാത്രം തെളിയുന്നില്ല. പിരിഞ്ഞിട്ട് എട്ടുവര്‍ഷമോ..അതോ പത്തോ?
അതാ ഒന്നും കൂടിയെത്തി..ഇപ്പോള്‍ മുപ്പത്തിയേഴായി സജി തന്റെ കണക്കിന്റെ ആത്മവിശ്വാസത്തില്‍ വിളിച്ചുകൂവി.
കൂടിയ പാര്‍ട്ടികളുടെ കണക്കെടുപ്പില്‍ പരാജയപ്പെട്ട്, കുടിച്ചു വറ്റിച്ച കുപ്പികളുടെ ലേബലുകളില്‍ പരതിനിന്ന്, നഷ്ടപ്പെട്ട അറുപതേക്കര്‍ റബര്‍തോട്ടവും ലോറിയും അതിനു പഴിചാരാന്‍ പറ്റിയ ആളെക്കണ്ടെത്താനുമായി ശ്രമപ്പെട്ടിരുന്ന ജോസഫ് തുറന്നിരുന്ന കണ്ണുമായി എന്തോ ശബ്ദം പുറപ്പെടുവിച്ചു. പിന്നെ വീണ്ടും ഇമരഹിതമായ പഴംകാഴ്ചകളില്‍ സ്വയം നഷ്ടപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടുവിട്ട ത്രേസ്യയുടെ മുഖമോ, അവളുടെ ഒക്കത്തിരുന്ന രണ്ടുവയസ്സുകാരന്‍ കൊച്ചു ജോസഫിന്റെ പാല്‍ പുഞ്ചിരിയോ അയാളുടെ മനസ്സില്‍ എത്തിനോക്കിയില്ല. എന്നോ അവള്‍ കുടമ്പുളിയിട്ടുവച്ച പുഴമീന്റെ ഗന്ധം മാത്രം സ്വയം വെളിപ്പെടുത്താതെ മുഖത്തെ രണ്ടു ദ്വാരങ്ങളില്‍ ചുറ്റിക്കറങ്ങി.
വഴിയില്ല..മുപ്പത്തിയാറുതന്നെ ഞാന്‍ കണ്ടുമില്ല. പിന്നെ മഹാനഗരങ്ങളുടെ ഹള്ളികളിലും ചേരികളിലും അലഞ്ഞു നടന്ന് പല കമ്പനികളില്‍ കണക്കനായി ജോലി ചെയ്ത് ഇരുട്ടുമ്പോള്‍ കനകാംബരത്തിന്റെയും മുല്ലപ്പൂവിന്റെയും ചതഞ്ഞ ഗന്ധത്തിനിടയില്‍ കണക്കു തീര്‍ത്ത തന്റെ വര്‍ഷങ്ങള്‍ എണ്ണി പരാജയപ്പെടാന്‍ ശ്രമം ആരംഭിച്ചു.
ശരിയാണ് ഒരു നവാഗതനെത്തി. നേരിയ കറുപ്പുരാശി പടര്‍ന്ന അവന്‍ പ്രായക്കൂടുതലുള്ളവന്‍ തന്നെ. പക്ഷേ മുപ്പത്തിയേഴില്ല, മുപ്പത്തിനാലും ഒന്നും...മുപ്പത്തിയഞ്ചുമാത്രം. വാസവന്‍ തര്‍ക്കവിതര്‍ക്കങ്ങളുടെ കടിഞ്ഞാണ്‍ വലിച്ചു. പിന്നെ മോഷ്ടിച്ചു തുടങ്ങി കൂലിത്തല്ലിലും കൂട്ടിക്കൊടുപ്പിലുമെത്തി വളര്‍ന്ന് ക്ഷീണിച്ച് ഇവിടെ എത്താനെടുത്ത സംഭവ വികാസങ്ങളെക്കുറിച്ച് സ്വയം തര്‍ക്കിച്ച് പരാജയപ്പെടാനായി ഇമയടച്ച് കസേരയില്‍ ചാരി. അപ്പോഴും പരാജയപ്പെട്ടവന്റെ ചിരി ചിറിത്തുമ്പില്‍ ഒലിച്ചുകൊണ്ടിരുന്നു.
നിഴലും നിലാവും കൂടിയ സുന്ദര ഭൂവിലെ ഒരു ചെറു ചതുരത്തില്‍ ടൂബിന്റെ വെളിച്ചത്തില്‍ ഇരപിടിക്കാന്‍ കൂടിയ മുപ്പത്തിയാറ് പല്ലികള്‍ നവാഗതനോട് അവരുടെ ഭാഷയില്‍ എന്തോ പറഞ്ഞു. മറുപടിയായി ഉയര്‍ന്ന കൂട്ടച്ചിലയ്ക്കലില്‍ പരിഹാസമായിരുന്നോ.. അതോ സഹതാപമോ? ചോദിയ്ക്കാന്‍ നാലുപേരും അവിടെയില്ലായിരുന്നു. അവര്‍ ഭൂതകാലത്തിലെ മുത്തും പവിഴങ്ങളും തപ്പിയെടുക്കാന്‍ വെറുതെ ശബ്ദമുണ്ടാക്കുകയായിരുന്നു...