Thursday, May 29, 2008

ഭൂതാവിഷ്ടര്‍ (short story)

നരച്ച ഭിത്തിയില്‍ ടൂബിന്റെ വെളിച്ചം പടര്‍ന്ന് ഒലിച്ചുകൊണ്ടിരുന്നു. പഴകിയ സീലിങ്ങ് ഫാനിന്റെ കറുകറ ശബ്ദം മാത്രം. ദൂരെയെവിടെയോ രാത്രി വണ്ടിയുടെ ഇരമ്പല്‍ നിശബ്ദതയ്ക്ക് നേരിയ കീറല്‍ വരുത്തിക്കൊണ്ടിരുന്നു.
മുപ്പത്തിയാറ്..അതെ ശരിക്കും ഞാനെണ്ണി.. മുപ്പത്തിയാറ്..സജി വിളിച്ചു പറഞ്ഞു.
വട്ടത്തിലിരുന്ന മറ്റ് മൂന്നുപേരും കൈവിട്ട കാലങ്ങളിലെവിടെയോ തറച്ച കണ്ണുകള്‍ ശ്രമപ്പെട്ട് ടൂബിന്റെ വെളിച്ചത്തിലെത്തിച്ചു.
ങ്ഹേ...എന്താ..? ജോസഫ് കണ്ണുമിഴിച്ചു.
ഒന്നും മനസിലാകാതെ, മനസിലായതിലൊക്കെ ചുറ്റിത്തിരിഞ്ഞ് വിഷണ്ണനായ മാത്യു പരിഹാസപൂര്‍വ്വം ചിരിച്ചു. പിന്നെ നാല്പത്തിയെട്ട് വര്‍ഷങ്ങളില്‍ മനസിലാക്കിയ ദിനരാത്രങ്ങളിലേക്ക് തിരിച്ചു പോയി. കണ്ണുകള്‍ നിര്‍ജീവങ്ങളായി തുറന്നുതന്നെ ഇരുന്നു.
ഇല്ല..നാലുവട്ടം ഇമവെട്ടാതെ ഞാനെണ്ണിയതാ. മുപ്പത്തിനാലു മാത്രമേയുള്ളൂ. വാസവന്‍ പതിവുതര്‍ക്കത്തിന്‍ കടിഞ്ഞാണയച്ചു.
കുട്ടി മൂന്ന്, പള്ളചാടിയത് രണ്ട്, പിന്നെ മുപ്പത്തിയൊന്നും..എല്ലാം കൂടി മുപ്പത്തിയാറ്. സജിയുടെ തീര്‍പ്പിന്‍ വെള്ളമൊഴിക്കാന്‍ ആരും മിനക്കെട്ടില്ല. കാരണം അവര്‍ പരസ്പരം സംസാരിക്കുകയല്ല. ശബ്ദമുണ്ടാക്കുക മാത്രമാണ്.
ഇവിടെ ചോദ്യവും ഉത്തരവുമില്ല. ഉണ്ടെങ്കില്‍ത്തന്നെ ആര്‍ക്കും താല്പര്യവുമില്ല. നിരവധി ചോദ്യങ്ങള്‍ ജീവിതത്തില്‍ ഉയര്‍ന്നപ്പോള്‍ ലഹരിയില്‍ പതിയിരുന്ന ഇവര്‍ നാലു പേരും എങ്ങനെയോ വട്ടത്തിലിരിക്കാന്‍ വിധിക്കപ്പെട്ടു.ഇപ്പോള്‍ ഇവര്‍ക്ക് ഓര്‍മ്മകളില്‍ ഭൂതകാലവും വര്‍ത്തമാനത്തില്‍ അസ്തിത്വം ഉറപ്പിക്കാന്‍ വ്യായാമശബ്ദ വ്യയങ്ങളും മാത്രം.
സജിയുടെ മനസ്സില്‍ മധുരക്കള്ളും ആമക്കറിയും തെളിഞ്ഞും മങ്ങിയും മണമുതിര്‍ത്തു. പല പല പരീക്ഷണങ്ങള്‍. എന്തിന് പുട്ടുകുടത്തില്‍ കോടയൊഴിച്ച് കുറ്റിയില്‍ പുട്ടുപൊടിയും തേങ്ങയും വിതറി പുഴുങ്ങിയെടുത്ത ചാരായപ്പുട്ടിന്റെ ഗന്ധം തൊണ്ടക്കുഴിയില്‍ വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. കരഞ്ഞു കലങ്ങിയ ചുവപ്പു രാശി പടര്‍ന്ന രാധികയുടെ കണ്ണുകള്‍ മനസ്സില്‍ എത്തിനോക്കാന്‍ വൃധാ ശ്രമിക്കുമ്പോള്‍ വേര്‍തിരിച്ചെടുക്കാനാവാത്ത ചില ശകാര വാക്കുകള്‍ ചെവിയില്‍ മുഴങ്ങുന്നു. ആ മുഖം മാത്രം തെളിയുന്നില്ല. പിരിഞ്ഞിട്ട് എട്ടുവര്‍ഷമോ..അതോ പത്തോ?
അതാ ഒന്നും കൂടിയെത്തി..ഇപ്പോള്‍ മുപ്പത്തിയേഴായി സജി തന്റെ കണക്കിന്റെ ആത്മവിശ്വാസത്തില്‍ വിളിച്ചുകൂവി.
കൂടിയ പാര്‍ട്ടികളുടെ കണക്കെടുപ്പില്‍ പരാജയപ്പെട്ട്, കുടിച്ചു വറ്റിച്ച കുപ്പികളുടെ ലേബലുകളില്‍ പരതിനിന്ന്, നഷ്ടപ്പെട്ട അറുപതേക്കര്‍ റബര്‍തോട്ടവും ലോറിയും അതിനു പഴിചാരാന്‍ പറ്റിയ ആളെക്കണ്ടെത്താനുമായി ശ്രമപ്പെട്ടിരുന്ന ജോസഫ് തുറന്നിരുന്ന കണ്ണുമായി എന്തോ ശബ്ദം പുറപ്പെടുവിച്ചു. പിന്നെ വീണ്ടും ഇമരഹിതമായ പഴംകാഴ്ചകളില്‍ സ്വയം നഷ്ടപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടുവിട്ട ത്രേസ്യയുടെ മുഖമോ, അവളുടെ ഒക്കത്തിരുന്ന രണ്ടുവയസ്സുകാരന്‍ കൊച്ചു ജോസഫിന്റെ പാല്‍ പുഞ്ചിരിയോ അയാളുടെ മനസ്സില്‍ എത്തിനോക്കിയില്ല. എന്നോ അവള്‍ കുടമ്പുളിയിട്ടുവച്ച പുഴമീന്റെ ഗന്ധം മാത്രം സ്വയം വെളിപ്പെടുത്താതെ മുഖത്തെ രണ്ടു ദ്വാരങ്ങളില്‍ ചുറ്റിക്കറങ്ങി.
വഴിയില്ല..മുപ്പത്തിയാറുതന്നെ ഞാന്‍ കണ്ടുമില്ല. പിന്നെ മഹാനഗരങ്ങളുടെ ഹള്ളികളിലും ചേരികളിലും അലഞ്ഞു നടന്ന് പല കമ്പനികളില്‍ കണക്കനായി ജോലി ചെയ്ത് ഇരുട്ടുമ്പോള്‍ കനകാംബരത്തിന്റെയും മുല്ലപ്പൂവിന്റെയും ചതഞ്ഞ ഗന്ധത്തിനിടയില്‍ കണക്കു തീര്‍ത്ത തന്റെ വര്‍ഷങ്ങള്‍ എണ്ണി പരാജയപ്പെടാന്‍ ശ്രമം ആരംഭിച്ചു.
ശരിയാണ് ഒരു നവാഗതനെത്തി. നേരിയ കറുപ്പുരാശി പടര്‍ന്ന അവന്‍ പ്രായക്കൂടുതലുള്ളവന്‍ തന്നെ. പക്ഷേ മുപ്പത്തിയേഴില്ല, മുപ്പത്തിനാലും ഒന്നും...മുപ്പത്തിയഞ്ചുമാത്രം. വാസവന്‍ തര്‍ക്കവിതര്‍ക്കങ്ങളുടെ കടിഞ്ഞാണ്‍ വലിച്ചു. പിന്നെ മോഷ്ടിച്ചു തുടങ്ങി കൂലിത്തല്ലിലും കൂട്ടിക്കൊടുപ്പിലുമെത്തി വളര്‍ന്ന് ക്ഷീണിച്ച് ഇവിടെ എത്താനെടുത്ത സംഭവ വികാസങ്ങളെക്കുറിച്ച് സ്വയം തര്‍ക്കിച്ച് പരാജയപ്പെടാനായി ഇമയടച്ച് കസേരയില്‍ ചാരി. അപ്പോഴും പരാജയപ്പെട്ടവന്റെ ചിരി ചിറിത്തുമ്പില്‍ ഒലിച്ചുകൊണ്ടിരുന്നു.
നിഴലും നിലാവും കൂടിയ സുന്ദര ഭൂവിലെ ഒരു ചെറു ചതുരത്തില്‍ ടൂബിന്റെ വെളിച്ചത്തില്‍ ഇരപിടിക്കാന്‍ കൂടിയ മുപ്പത്തിയാറ് പല്ലികള്‍ നവാഗതനോട് അവരുടെ ഭാഷയില്‍ എന്തോ പറഞ്ഞു. മറുപടിയായി ഉയര്‍ന്ന കൂട്ടച്ചിലയ്ക്കലില്‍ പരിഹാസമായിരുന്നോ.. അതോ സഹതാപമോ? ചോദിയ്ക്കാന്‍ നാലുപേരും അവിടെയില്ലായിരുന്നു. അവര്‍ ഭൂതകാലത്തിലെ മുത്തും പവിഴങ്ങളും തപ്പിയെടുക്കാന്‍ വെറുതെ ശബ്ദമുണ്ടാക്കുകയായിരുന്നു...

Monday, May 26, 2008

അതിജീവനത്തിന്റെ വിശുദ്ധ വഴികള്‍

കേരളം ഞെട്ടി..ഞെട്ടിത്തരിച്ചു.. പക്ഷെ.. വളരെ താമസിച്ചു പോയി വിളയാ‍ട്ടങ്ങള്‍ തിരിച്ചറിയാന്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അണിയറയില്‍ അണിഞ്ഞൊരുങ്ങിയ കോലങ്ങള്‍ ഒരു വിസ്ഫോടനത്തോടെയാണ് നടുമുറ്റത്ത് അവതരിച്ചിരിക്കുന്നത്. അമ്മ ദൈവവും അച്ചന്‍ ദൈവവും, ബ്രഹ്മചാരിയും ചാരിണിയും, ബ്രദറും, സിസ്റ്ററും...എന്നു വേണ്ട സകലമാന അഴുക്കും ദൈവത്തിന്റെ സ്വന്തം നാടിന്റെ നടുമുറ്റത്ത് പൊട്ടിയൊലിച്ച് കിടക്കുകയാണ്. മുഖം മൂടി വച്ചും, തലയില്‍തുണിയിട്ടും, രാമറവിലും ഇവറ്റകള്‍ക്ക് തീറ്റ കൊടുത്തത് നമ്മള്‍തന്നെയല്ലേ? കയറിത്താമസത്തിനും, കല്യാണത്തിനും, കറവയ്ക്കും കാലനെടുക്കും നേരവും നമ്മള്‍തന്നെയല്ലേ ഇതിനെയൊക്കെ തീറ്റിപ്പോറ്റിയത്?
ശുഭ്ര വസ്ത്രം ധരിച്ച്, കാമ സ്വരൂപങ്ങളായി കോടികള്‍തട്ടി വിദേശ കാറുകളില്‍ കറങ്ങിയ മനുഷ്യദൈവങ്ങള്‍ക്ക് സ്തുതി പാടിയ നമ്മള്‍ ഇനി പകല്‍ വെളിച്ചത്തില്‍ എങ്ങനെ പുറത്തിറങ്ങും?
അതിജീവനത്തിന്റെ വഴികള്‍തേടിയപ്പോള്‍ തെളിഞ്ഞ ധ്യാന മാര്‍ഗ്ഗം പല ക്രിമിനലുകള്‍ക്കും ധന മാര്‍ഗ്ഗമായി. എന്തും വില്‍ക്കാവുന്ന മാര്‍ക്കറ്റായി കേരളം അധപ്പതിച്ചുകഴിഞ്ഞു.
ടെലിവിഷനില്‍ നാക്കു നീട്ടി ഉറഞ്ഞു തുള്ളിയ "അമ്മ തായ..മഹാ തായ" എന്ന മനോരോഗിയെയും,സന്തോഷ് മാധവന്‍ എന്ന ക്രിമിനലിനെയും, അറബി മാന്ത്രികനെയും, ബ്രദര്‍മാരെയും ചവിട്ടിപ്പുറത്താക്കി ശുദ് ധി കലശം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

കനവ് (short story)


അപ്രതീക്ഷിതമായിരുന്നു ആ വിധി.കേട്ടവര്‍‌ കേട്ടവര്‍‌ രണ്ടും മൂന്നുമായി വട്ടത്തില്‍ നിന്നു.ചിലര്‍ തുടരെ തുടരെ ബീഡി വലിച്ചു. മൊത്തത്തിലുള്ള ആ ആഗോള നിശ്വാസത്തില്‍നിന്നും ഒരു കാര്യം സ്പഷ്ടമാകുന്നുണ്ട്. എല്ലാവരും അവന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നുണ്ട്.
മരണം വരെ തൂക്കുകയറില്‍...അതായിരുന്നു ശിക്ഷ. മറ്റന്നാള്‍ നടപ്പക്കാനാണ് വിധി. രാവിലെ കോഴി കൂവും മുന്‍പ്.
ഐസൊലേറ്റഡ് സെല്ലിന്റെ തണുത്ത കരിങ്കല്‍ ഭിത്തിയില്‍ തലചായ്ച്ച് പത്രം വായിക്കുകയായിരുന്നു അയാള്‍
സൂപ്രണ്ട് പറഞ്ഞു: എന്താവശ്യമുണ്ടെങ്കിലും ചോദിക്കാന്‍ മടിക്കരുത്.
ട്രെയിന് തല വച്ച കുടുംബത്തിന്റെ വാര്‍ത്തയില്‍ നിന്നും തലയെടുക്കാതെ പറഞ്ഞു: ഉച്ചയ്ക്ക് ഒരു മട്ടണ്‍ ബിരിയാണി.
മരിച്ച കുടുംബത്തിനും ഉണ്ടായിരുന്നോ ഇതുപോലൊരു സൂപ്രണ്ട്? പത്രം മടക്കി എഴുനേറ്റു.
ബാര്‍ബറെ വിളിപ്പിച്ചു.. ഷേയ് വു ചെയ്തു..മുടിയില്‍ മൈലാഞ്ചി തേച്ചുകുളിച്ചു. ക്ലിനിക് പ്ലസ് തന്നെ ചോദിച്ചു വാങ്ങിയിരുന്നു.
ബിരിയാണി തിന്നു..സുഖമായി ഉറങ്ങി.. വൈകിട്ട് അമ്മ വന്നു. പപ്സും ചീപ്പും കൊണ്ടുവന്നു. കൊതുകു കടിക്കാതിരിക്കാനായി ഗുഡ് നൈറ്റ് ലിക്വിഡ് വാങ്ങിത്തന്നു.
രാവിലെ ഉണര്‍ന്നപ്പോള്‍ പാറാവ് ചിലച്ചു: നാളെയാണ് എന്തുവേണമെങ്കിലും പറഞ്ഞോളണം.
ഉച്ചയ്ക്ക് പറഞ്ഞു: ഒന്നു ഫോണ്‍ ചെയ്യണം. സൂപ്രണ്ട് സമ്മതിച്ചു.
മറുതലയ്ക്കല്‍ അവള്‍ . അവളുടെ അച്ചന്റെ നാമജപം ഫോണിലൂടെ കേള്‍ക്കാം.അമ്മ ചായ ഇടുന്നത്രെ.
ഉച്ചയ്ക്ക് ആര്‍ക്കാണ് ചായ?
അവള്‍ ചിരിച്ചു, പിന്നെ പറഞ്ഞു: സാരമില്ല..ഇതില്‍ വലുതേതാണ്ട് വരാനിരുന്നതാ..
വലുതുകളെ പേടിച്ച് ഫോണ്‍ താഴെ വെച്ചു.
ആരാച്ചാരെ നാളെ കാണാമല്ലോ എന്നാശ്വസിച്ച് കിടന്നുറങ്ങി.
പിന്നെ.........
രാവിലെ ഞെട്ടി ഉണര്‍ന്നു.
ചായകുടിച്ചു...കുളിയും മറ്റും കഴിഞ്ഞ് ഓഫീസിലേക്ക് പുറപ്പെട്ടു. ബസ്സ് സ്റ്റാന്റില്‍ നിന്ന പല നിറ ചൂരിദാറുകളെ നന്നായി നോക്കാന്‍ ഇന്നും മറന്നിരുന്നില്ല.

Sunday, May 25, 2008

ബ്ലോഗിംങ്ങിലേക്ക് ഞാനും.....

അങ്ങനെ ഞാനും വരുന്നു ബ്ലോഗിംങ്ങിലേക്ക്..

ആശംസകളും അനുഗ്രഹങ്ങളും പ്രതീക്ഷിച്ചുകൊണ്ട്..
നിങ്ങളുടെ സ്വന്തം

രഞ്ജിത്ത് രാജന്‍..